September
Tuesday
16
2025
പട്ടികവർ​ഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷം: ഇവിടെ സ്റ്റാർ 'കുഞ്ചിപ്പെട്ടി അരി'
ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരിയുടെ വിപണനം നടന്നത്

തിരുവനന്തപുരം:പട്ടികവർ​ഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളിൽ തിളങ്ങി 'കുഞ്ചിപ്പെട്ടി അരി'. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ്  'കുഞ്ചിപ്പെട്ടി അരി' താരമായത്. ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരിയുടെ വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി 'കുഞ്ചിപ്പെട്ടി അരി' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.

കുഞ്ചിപ്പെട്ടി പാടശേഖരം വീണ്ടെടുക്കുന്നതിന് നടന്ന തദ്ദേശീയ ജനതയുടെ വിജയകരമായ പരിശ്രമത്തിന്റെ വിവിധ ഘട്ടങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു. അടിമാലി ഗ്രാമപഞ്ചായത്തിലെ കൊരങ്ങാട്ടി ഉന്നതിയിൽ വൈവിധ്യമാർന്ന നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന ബൈനോ എന്ന യുവ കർഷകന്റെ നാടൻ നെൽ വിത്തിനങ്ങളുടെ പ്രദർശനവും മറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറയൂർ ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടെ വൈവിധ്യമാർന്ന മൂല്യവർധന ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഒപ്പം ഒരുക്കിയിരുന്നു. കൃഷ്ണ കമോദ്, ചിറ്റേനി, പുഞ്ചക്കഴമ, പുളിയൻ മുണ്ടകൻ, കുള്ളൻ തൊണ്ടി, വലിച്ചൂരി, മനുരത്ന, ഇടവക എന്നീ നെൽവിത്തിനങ്ങളാണ് പ്രദർശിപ്പിച്ചത്.

side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top